ചേര്‍ത്തല: പൊളിച്ചിട്ട റോഡ് പുനർനിർമിക്കാത്തതില്‍ പ്രതിഷേധിച്ച് ക്രിസ്മസ് ദിനത്തിൽ ഉച്ചഭക്ഷണം ഉപേക്ഷിച്ച് വാർഡ് മെംബറുടെ നേതൃത്വത്തിൽ പ്രദേശവാസികളുടെ സമരം.
വെള്ളിയാകുളം-ചൂരപ്പുഴ റോഡ് ഉടൻ പണി തീർക്കുമെന്ന് പറഞ്ഞ് കോൺട്രാക്ടർ പൊളിച്ചിട്ട് മാസങ്ങളായി. ഇത് പുനർനിർമിക്കാത്തതിനെതുടർന്ന് വെള്ളിയാകുളം ഗവ. യുപി സ്കൂളിലെ വിദ്യാർഥികൾ ഉൾപ്പെടെ ദുരിതത്തിലായി. കുട്ടികൾക്ക് ശ്വാസംമുട്ടലും അലർജിയും പതിവായി.
ഇത് രക്ഷകർത്താക്കൾ വാർഡ് മെംബറുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെതുടർന്ന് മെംബർ ഇന്ദുലേഖ കരാറുകാരനുമായി സംസാരിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. തുടര്‍ന്നാണ് പ്രദേശവാസികളും ഓട്ടോ തൊഴിലാളികളും ഉൾപ്പെടുന്ന സംഘം ക്രിസ്മസ് ദിനത്തിൽ പ്രതിഷേധ സമരവുമായി റോഡിൽ നിരന്നത്.
വെള്ളിയാകുളം ഗവ. യുപി സ്കൂളിന്റെ സമീപത്തുകൂടിയാണ് റോഡ് കടന്നുപോകുന്നത്. ഒന്നാം ക്ലാസ് ഉൾപ്പെടെയുള്ള ക്ലാസ് മുറികളിലേക്ക് റോഡിൽ നിന്നും വരുന്ന പൊടിപടലങ്ങൾ കടന്ന് ക്ലാസില്‍ കുട്ടികള്‍ക്ക് ഇരിക്കാന്‍ പറ്റാതായി. പല കുട്ടികള്‍ക്കും ചുമ തുടങ്ങിയ അലർജി രോഗങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങി.